Kerala
കോട്ടയം : കേരള യൂത്ത്ഫ്രണ്ട്-എമ്മിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ കെ.എം. മാണി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നടത്തി.
കോട്ടയം ഗിരീദീപം ബഥനി സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി എംപി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ച ജുവാൻ മരിയ ടോജോ, ലിയ റോസ് ജോർജ് എന്നീ വിദ്യാർഥികൾക്ക് 5000 രൂപ വീതം കാഷ് അവാർഡും എക്സലൻസ് അവാർഡും പുസ്തകങ്ങളും ജോസ് കെ. മാണി എംപി സമ്മാനിച്ചു. തുടർന്ന് പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വരുംദിവസങ്ങളിൽ 14 ജില്ലകളിലും പ്രാദേശിക മേഖലകളിലും എക്സലൻസ് അവാർഡ് വിതരണങ്ങൾ നടക്കും.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ കേരള യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു. ഗിരിദീപം ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. മാത്യു ഏബ്രഹാം മോടിയിൽ മെറിറ്റ് ഡേ സന്ദേശം നൽകി.
District News
കാഞ്ഞിരപ്പള്ളി: ദീപിക 140-ാം വാർഷികത്തോടനുബന്ധിച്ച് സീക് കണ്സൾട്ടൻസിയും ദീപികയും സംയുക്തമായി സംഘടിപ്പിക്കുന്ന അക്കാഡമിക് എക്സലൻസ് അവാർഡ് "വിജയോത്സവം 2026' 20ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, എംഎൽഎമാരായ റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യൻ, രാഷ്ട്രദീപിക ഡയറക്ടർ ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ, ദീപിക ജനറൽ മാനേജർ സർക്കുലേഷൻ ഫാ. ജോർജ് മാന്തുരുത്തിൽ, ഡിഎഫ്സി രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് എന്നിവർ പ്രസംഗിക്കും.
വിജയോത്സവത്തിന്റെ ഭാഗമായി പ്രമുഖ കരിയർ വിദഗ്ധരും സീക് ലിമിറ്റഡ് കരിയർ കണ്സൾട്ടന്റുമായ ജിബിൻ ബിനു ജോസഫ് നയിക്കുന്ന കരിയർ ഗൈഡൻസ് സെമിനാറും ശില്പശാലയും ഉണ്ടായിരിക്കും. പുതിയ ഉന്നത വിദ്യാഭ്യാസ കോഴ്സുകളെപ്പറ്റിയുള്ള ക്ലാസുകളും വിദ്യാർഥികൾക്ക് നേരിട്ട് സംശയനിവാരണം നടത്താനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് മുതൽ എട്ട് എ പ്ലസുവരെ നേടിയവർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസും നാല് എ പ്ലസും അതിന് മുകളിൽ നേടിയവരും 80 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കിയവരുമായ വിദ്യാർഥികൾ, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളിൽ 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർ എന്നിവരെയാണ് ദീപിക - സീക് വിജയോത്സവത്തിൽ
ആദരിക്കുന്നത്. വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. കൂടാതെ, പ്ലസ്ടു, എസ്എസ്എൽസി പരീക്ഷകളിൽ നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങൾക്ക് അക്കാഡമിക് എക്സലൻസ് അവാർഡ് നൽകി ആദരിക്കും. വിജയോത്സവത്തിലേക്ക് രജിസ്ട്രേർ ചെയ്യാത്തവർ ക്യുആർ കോഡ് സ്കാൻ ചെയ്ത് രജിസ്ട്രേഷൻ ഉടൻ പൂർത്തിയാക്കുക.
NRI
ബെർലിൻ: യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വുമൺസ് ഫോറം എക്സെലൻസ് അവാർഡ് 2026 ശ്രദ്ധേയമായി. കുര്യാക്കോസ് മാർ ഫിലോക്സിനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലും ഫാ. എൽദോസ് വട്ടപ്പറമ്പിൽ വൈസ് പ്രസിഡന്റായും റ്റീന ജോസഫ് സെക്രട്ടറി, സിന്ധു അബ്ജിൻ,മെറിൻ കുഞ്ഞുമോൻ, മറ്റു ഭാരവാഹികൾ എന്നിവരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പുരസ്കാര വിതരണം.
വേങ്ങൂർ മാർ കൗമാ യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന അഖില മലങ്കര ദേശീയ വാർഷിക സമ്മേളനത്തിലാണ് പുരസ്കാരദാന ചടങ്ങ് നടന്നത്. കാത്തോലിക്കാബാവ മോറൻ മോർ ബസേലിയോസ് ജോസഫാണ് അവാർഡ് വിതരണം നിർവഹിച്ചത്.
ഒരു ലക്ഷം രൂപയുടെ കാഷ് പ്രൈസും ട്രോഫിയും പ്രശസ്തിപത്രവും ഉൾപ്പെട്ട ഈ വർഷത്തെ വുമൺസ് ഫോറം എക്സലൻസ് അവാർഡ് കൊച്ചി ഭദ്രസനത്തിലെ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചാപ്പൽ കക്കാടം വനിതാസമാജം അംഗങ്ങൾ ഏറ്റുവാങ്ങി.
സഭാ സമൂഹത്തിൽ വനിതകളുടെ ആത്മീയവും സാമൂഹികവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യൂറോപ്പ് ഭദ്രാസനത്തിന്റെ പ്രവർത്തനങ്ങൾക്ക് ഈ പുരസ്കാര പദ്ധതി കൂടുതൽ കരുത്തേകുമെന്ന് കാത്തോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
Business
തിരുവനന്തപുരം: ബോധപൗര്ണമി ക്ലബ്ബും ഫ്രീഡം ഫിഫ്റ്റിയും സംയുക്തമായി ഏര്പ്പെടുത്തിയ എക്സലന്സ് അവാര്ഡ് എസ്. ഗണേഷ് കുമാറിന്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഇന്നലെ പ്രസ് ക്ലബ് ഹാളില് സംഘടിപ്പിച്ച ഡോ. ബി.ആര്. അംബേദ്കര് ജയന്തി ദിനാഘോഷ ചടങ്ങില് സമ്മാനിച്ചു.
ബിസിനസ് രംഗത്തെ സമഗ്ര സംഭാവനകള് പരിഗണിച്ചാണ് തിരുവനന്തപുരം കിന്ഫ്രയില് പ്രവര്ത്തിക്കുന്ന അവോകി റിസോര്ട്ട് മാനേജിംഗ് ഡയറക്ടറും ട്രാവന്കൂര് സിമന്റ്സ്, മലബാര് സിമന്റ്സ് മുന് ഡയറക്ടറുമായിരുന്ന ഗണേഷ് കുമാറിന് അവാര്ഡ് നല്കിയത്.
എഴുപതോളം രാജ്യങ്ങള് സന്ദര്ശിച്ചിട്ടുള്ള ഗണേഷ് കുമാര് ഏറ്റവും കൂടുതല് വിമാനയാത്ര നടത്തിയ ഇന്ത്യക്കാരന് എന്ന നിലയില് ലിംകാ ബുക്ക് ഒഫ് റെക്കോഡില് ഇടം പിടിച്ചിട്ടുണ്ട്. വിദേശത്തും ഇന്ത്യയിലുമായി 7000ത്തിലേറെ തൊഴിലാളികള്ക്ക് ജോലി നല്കിയിട്ടുണ്ട്.
Kerala
കൊച്ചി: ആരോഗ്യസേവന മേഖലയിലെ മികവുറ്റതും മാതൃകാപരവുമായ പ്രവര്ത്തനങ്ങള്ക്കുള്ള ഈ വര്ഷത്തെ മഹാത്മാഗാന്ധി എക്സലന്സ് അവാര്ഡ് പ്രമുഖ ന്യൂറോളജിസ്റ്റും ന്യൂറോ സര്ജനുമായ ഡോ.അരുണ് ഉമ്മന് .
ന്യൂറോ സര്ജറിയും ന്യൂറോ സ്പെഷാലിറ്റീസും ഉള്പ്പെടുന്ന മേഖലകളില് ഡോ. അരുണ് ഉമ്മന് കൈവരിച്ച അസാധാരണ മികവിനുള്ള അംഗീകാരമായാണ് എറണാകുളം ലേക്ഷോര് ആശുപത്രിയിലെ സീനിയര് ന്യൂറോളജിസ്റ്റുകൂടിയായ ഡോ. അരുണ് ഉമ്മന് അവാര്ഡ് സമ്മാനിക്കുന്നത്.
മഹാത്മാഗാന്ധിയുടെ 78 ാമത് രക്തസാക്ഷിത്വ വാര്ഷിക പരിപാടികളുടെ സമാപന ചടങ്ങില് അവാര്ഡ് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന് ഭാരവാഹികളായ എസ്. പ്രദീപ് കുമാര്, ഡോ. പി. ജയദേവന് നായര് എന്നിവര് അറിയിച്ചു.
Kerala
കുറവിലങ്ങാട്: നസ്രത്ത്ഹിൽ ഡി പോൾ പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സെബാസ്റ്റ്യൻ പൈനാപ്പിള്ളി 2025 ലെ സെന്റർ ഫോർ എജ്യൂക്കേഷണൽ ഇനിഷ്യേറ്റിവ് ആൻഡ് റിസേർച്ച് (സിഇഐആർ) ഗ്ലോബൽ ട്രസ്റ്റ് നൽകുന്ന മാർക്ക് ഓഫ് എക്സലൻസ് അവാർഡിന് അർഹനായി.
വിദ്യാഭ്യാസമേഖലയിലെ മാതൃകാപരമായ നേത്യത്വം, അക്കാദമിക് നവീകരണങ്ങൾ, വിദ്യാർഥികളുടെ സമഗ്രവികസനത്തിൽ നൽകിയ പ്രത്യേക സംഭാവനകൾ തുടങ്ങിയവ വിലയിരുത്തിയാണ് അംഗീകാരം.
ഇന്ത്യൻ നയതന്ത്രജ്ഞനും സംസ്ഥാന സർക്കാരിന്റെ കൗൺസിൽ ഫോർ ഹയർ എജ്യുക്കേഷൻ ചെയർമാനുമായ ടി.പി. ശ്രീനിവാസൻ ഫാ. സെബാസ്റ്റ്യൻ പൈനാപ്പിള്ളിക്ക് അവാർഡ് സമ്മാനിച്ചു.
Kerala
കോട്ടയം: പഞ്ചിമബംഗാള് ഗവര്ണറുടെ ലീഡര്ഷിപ്പ് എക്സലന്സ് അവാര്ഡിന് മാത്യു കൊല്ലമലക്കരോട്ട് അര്ഹനായി. ദീപികയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും മാര്ക്കറ്റിംഗ് ഡെപ്യൂട്ടി ജനറൽ മാനേജരുമാണ് മാത്യു.
ദീപിക പിആര്ഒ എന്ന നിലയില് 30 വര്ഷമായി ആയിരത്തിലധികം പൊതുപാരിപാടികള് സംഘടിപ്പിച്ചു മികവ് തെളിയിച്ചിട്ടുണ്ട്.
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്ഡ് പഞ്ചിമബംഗാള് ഗവര്ണര് ഡോ. സി.വി. ആനന്ദ ബോസ് സമ്മാനിച്ചു.
National
ന്യൂഡൽഹി: പശ്ചിമബംഗാൾ ഗവർണറുടെ എക്സലൻസ് അവാർഡ് ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. റോബി കണ്ണൻചിറ സിഎംഐക്ക്.
കോൽക്കത്തയിലെ ലോക്ഭവനിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ ഗവർണർ സി.വി. ആനന്ദബോസ് അവാർഡ് സമ്മാനിച്ചു.
മതാന്തര സംവാദം, വിദ്യാഭ്യാസം, സമാധാനം, സാംസ്കാരികം എന്നീ മേഖലകളിൽ കഴിഞ്ഞ 30 വർഷമായി ഫാ. റോബി നൽകിവരുന്ന സംഭവനകൾ കണക്കിലെടുത്താണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
District News
മാള: മെറ്റ്സ് എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്സ് 2025 സമ്മാനിച്ചു. ഡിഐജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. മാള എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം കേരള ലോ അക്കാദമി ഡയറക്ടർ ഡോ. കെ.സി. സണ്ണി വിശിഷ്ടാതിഥിയായി.
വിവിധ വിഭാഗങ്ങളിലായി തെരഞ്ഞെടുത്ത സീനിയർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരേയും അധ്യാപകരെയും ആദരിച്ചു.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്നു ഇന്റഗ്രേറ്റഡ് എംസിഎയിൽ രണ്ടാംറാങ്ക് കരസ്ഥമാക്കിയ മെറ്റ്സ് കോളജ് ഓഫ് അഡ്വാൻസ് സ്റ്റഡീസിലെ അധ്യാപികയായ പ്രഫ. ലാൻസ റിസോണിയേയും ചടങ്ങിൽ ആദരിച്ചു. പ്രഫ. അനിറ്റ അലോഷ്യസ്, സിഇഒ ഡോ. ജോർജ് കോലഞ്ചേരി, നാസിഹ ജമാൽ, ആരതി പണിക്കർ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗ് അസി. പ്രഫ. സംഗീതഗോപാൽ, അസി. പ്രഫസർ സുമി മരിയ ബാബു തുടങ്ങിയവർ സംസാരിച്ചു.